രാമപുരം: പഞ്ചായത്തിലെ പ്രധാന തോടായ ആറാട്ടുപുഴ തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഇറിഗേഷന്‍ വകുപ്പ്. അടിഞ്ഞു കൂടിയ എക്കല്‍ നീക്കം ചെയ്ത് തോടിന് ആഴം കൂട്ടിയും കുളവാഴയും മാലിന്യങ്ങളും വലിയതോതില്‍ നീക്കം ചെയ്തുമാണ് വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനുള്ള ജോലികൾ നടത്തുന്നത്.
മഴക്കാലത്തിന് മുമ്പുതന്നെ പ്രവൃത്തികൾ പൂര്‍ത്തിയാക്കും. കുളവാഴയും എക്കലും മാലിന്യവും തങ്ങിനിന്ന് മഴക്കാലത്ത് ഈ തോടിന് സമീപത്തെ പുരയിടങ്ങളിലും റോഡിലും വെള്ളം കയറി കൃഷിക്ക് നാശനഷ്ടം വരുത്തുകയും വാഹന ഗതാഗതം തടസപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു.
വര്‍ഷങ്ങളായിട്ടുള്ള ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെംബര്‍ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ ജോസ് കെ. മാണി എംപിക്ക് നിവേദനം നല്‍കിയിരുന്നു. അദ്ദേഹം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഈ നിവേദനം കൈമാറി. തുടര്‍ന്നാണ് കോട്ടയം മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ എൻജിനിയര്‍ സ്ഥലത്തെത്തി എസ്റ്റിമേറ്റ് എടുത്ത് സര്‍ക്കാരിന് കൈമാറുകയും നടപടി വേഗത്തിലാക്കുകയും ചെയ്തത്. തോട് ആഴം കൂട്ടി മാലിന്യം നീക്കം ചെയ്യുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. 3.5 കിലോമീറ്റര്‍ ദൂരത്തില്‍ തോട്ടിലെ മാലിന്യം നീക്കി വീതിയും ആഴവും കൂട്ടാനാണ് പദ്ധതി.
ആറാട്ടുപുഴ പാലം, പള്ളിപ്പാലം, കുഞ്ഞച്ചന് മിഷണറി ഭവന് പാലം, ചോലിക്കര ചെക്ക്ഡാം എന്നീ പ്രദേശത്ത് നിലവില്‍ ആഴം കൂട്ടി. ബാക്കിഭാഗം വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കോട്ടയം മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ പി. സുമേഷ്കുമാര് ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.